2006ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളില്‍ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള മൂന്ന് തിരഞ്ഞെടുപ്പുകളും ലോക്സഭാ തിരഞ്ഞെടുപ്പും ഈയിടെ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുമാണ് ബംഗാളിന്റെ മാറിയ മനസ്സിനെ അനാവരണം ചെയ്യുന്നത്. ഭരണകക്ഷി തിരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുന്നത് അപൂര്‍വമല്ല, പക്ഷെ; നിരന്തരമായ തോല്‍വി അസാധാരണമാണ്. നന്ദിഗ്രാമില്‍ നിന്നും സിംഗൂരില്‍ നിന്നും ഉയര്‍ന്ന നിസ്സഹായരുടെ നിലവിളികള്‍ ഇന്ന് ബംഗാളില്‍ ഉടനീളം സംഘഗാനമായി അലയടിക്കുകയാണ്. അപ്രതീക്ഷിതമായ തിരിച്ചടികളല്ല; സി പി എമ്മിന്റെ പരാജയ പരമ്പരകള്‍ക്ക് കാരണം ; ജനങ്ങളുടെ ബോധപൂര്‍വ്വമായ പകതീര്‍ക്കലാണ്.
1984ല്‍ ഇന്ദിരാഗാന്ധി വധത്തെ തുടര്‍ന്നുണ്ടായ താപവും കോപവും ബംഗാളില്‍ സി പി എമ്മിന് വന്‍ പരാജയമുണ്ടാക്കിയിരുന്നു. എന്നാല്‍, മൂന്നര വര്‍ഷത്തിനുള്ളിലുണ്ടായ നിരവധി പരാജയങ്ങള്‍ അത്തരത്തിലുള്ളതല്ല. അടിത്തറ തകര്‍ന്ന ഒരു ഗോപുരത്തിന്റെ ആസന്ന പതനം തന്നെയാണിത്. 1977ല്‍ പ്രമോദ് ദാസ് ഗുപ്തയും ജ്യോതി ബസുവും തുടക്കം കുറിച്ച ബംഗാളിലെ സി പി എം വിജയഗാഥ ബുദ്ധദേബ് ഭട്ടാചാര്യയിലൂടെയും ബിമന്‍ബോസിലൂടെയും ജ്വലിച്ചുയരുകയാണെന്ന് 2004 ലോക്സഭാ തിരഞ്ഞെടുപ്പും 2006ലെ നിയമസഭാ തിരഞ്ഞെടുപ്പും തെളിയിച്ചു. പക്ഷെ; അണയും മുമ്പെയുള്ള ആളിക്കത്തലായിരുന്നു അതെന്ന് തെളിയാന്‍ ഏറെ നാളൊന്നും വേണ്ടി വന്നില്ല.
2004ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് സി പി എമ്മും ഇടത് മുന്നണിയും നേടിയത്. പശ്ചിമ ബംഗാളില്‍ മാത്രം 28 ലോക്സഭാ അംഗങ്ങളെ പാര്‍ട്ടി വിജയിപ്പിച്ചു. ബംഗാളില്‍ നിന്നുള്ള 42ല്‍ 37 പേരും ഇടത്പക്ഷത്ത് നിന്നുള്ളവരായിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞുള്ള നിയമസഭാ തിരഞ്ഞെടുപ്പിലും ഈ വിജയം ആവര്‍ത്തിച്ചു. 293 അംഗസഭയില്‍ 233 സീറ്റുകളാണ് അന്ന് ഇടത് മുന്നണി നേടിയത്. 175 സീറ്റുകളില്‍ ജയിച്ച സി പി എമ്മിന് തനിച്ചു ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചു. സി പി എമ്മിന് മാത്രം 36.92 ശതമാനം വോട്ടുണ്ടായിരുന്നു. എന്നാല്‍ തിരിച്ചടികളുടെ പീഡനപര്‍വം ആരംഭിച്ചതോടെ വന്‍ ഔന്നത്യത്തില്‍ നിന്നും സി പി എം വീണത് അഗാധഗര്‍ത്തത്തിലേക്കായിരുന്നു.
നഗരങ്ങളും നാട്ടിന്‍പുറങ്ങും സി പി എമ്മിനെ തിരസ്ക്കരിച്ച കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റുകള്‍ കൊണ്ട് അവര്‍ തൃപ്തിയടയേണ്ടി വന്നു. വീഴ്ചകളില്‍ മാപ്പിരന്നും ഏറ്റുപറഞ്ഞും പുതിയ പ്രതിച്ഛായക്ക് വേണ്ടി സി പി എം പശ്ചിമ ബംഗാള്‍ ഘടകവും ഭരണനേതൃത്വവും തയ്യാറായെങ്കിലും ജനങ്ങള്‍ വീണ്ടും പാര്‍ട്ടിയെ തിരസ്ക്കരിക്കുകയായിരുന്നു. സിലിഗുരി അടക്കമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പാര്‍ട്ടി വീണ്ടും തോല്‍വിയേറ്റു വാങ്ങി. സി പി എം തകര്‍ച്ച ഒരു പ്രത്യേക നിലയില്‍ ചെന്ന് നില്‍ക്കുന്ന പ്രതിഭാസമായല്ല അനുഭവപ്പെടുന്നത്. അനുദിനമുള്ള വന്‍തോതിലുള്ള മണ്ണൊലിപ്പാണിത്. പാര്‍ട്ടിയെ പിടിച്ചു നിര്‍ത്തുന്ന താഴ്‌വേര് പോലും ഇളകി തുടങ്ങിയെന്നാണ് ഉപതിരഞ്ഞെടുപ്പിന്റെ വോട്ട് ബലം വ്യക്തമാക്കുന്നത്.
തൃണമൂല്‍കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ച ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശമായ ബൊങ്കാവിലെ ഭൂരിപക്ഷം 40,428 വോട്ടുകളാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഈ മണ്ഡലത്തിലെ ലീഡ് ഇരുപതിനായിരത്തോളമായിരുന്നു. അത് ഇരട്ടിച്ചു. അന്തരിച്ച മന്ത്രി സുഭാഷ് ചക്രവര്‍ത്തി 2006ല്‍ ബല്‍ഗാചിയ സീറ്റില്‍ ജയിച്ചത് 1749 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യം ഇവിടെ 16000 വോട്ടിന്റെ ലീഡ് നേടി. ഇത്തവണ 28,360 വോട്ടിന്റെ ഭൂരിപക്ഷത്തിന് തൃണമൂല്‍ സ്ഥാനാര്‍ത്ഥി ഇവിടെ വിജയിച്ചു. 11000 വോട്ടിന് തൃണമൂലിന്റെ തപസ്പാല്‍ വിജയിച്ച ആലിപൂരില്‍ ഇത്തവണത്തെ ഭൂരിപക്ഷം 27,555 വോട്ടുകളാണ്. മമതാ ബാനര്‍ജിയ്ക്ക് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ നിന്നുള്ള ഭൂരിപക്ഷം 24,000 വോട്ടുകളായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി പി എം 30000 വോട്ടിന്റെ ഭൂരിപക്ഷം കരസ്ഥമാക്കിയ രാജ്ഗഞ്ചില്‍ കോണ്‍ഗ്രസ് സഖ്യം ഇത്തവണ വിജയിച്ചത് 15000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. വന്‍ തോതിലുള്ള പരാജയത്തിന്റെ ഈ ഭീകരചിത്രം വ്യക്തമാക്കുന്നത് സി പി എമ്മിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ചയാണ്.
നന്ദിഗ്രാമും സിംഗൂരും രാഷ്ട്രീയ മാറ്റത്തിന് നിമിത്തമായെങ്കിലും സി പി എമ്മിന്റെ സംഘടനാ രീതിയോടും ഭരണനടപടികളോടുമുള്ള ജനങ്ങളുടെ ഒതുക്കിവെച്ച വികാരമാണ് അഗ്നി പര്‍വതം കണക്കെ പൊട്ടി ഒഴുകുന്നത്. തുടര്‍ച്ചയായി എട്ടു നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ഇടത് മുന്നണിക്ക് സമ്മാനിച്ച ബംഗാള്‍ ജനത രോഷവും പ്രതികാരവും തിളക്കുന്ന മനസ്സോടെ എല്ലാ വിജയങ്ങളും അവരില്‍ നിന്നും തിരിച്ചെടുക്കുകയാണ്. ഭരണ കുത്തകകൊണ്ട് ജീര്‍ണിക്കുകയും ജനങ്ങളില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെടുകയും ചെയ്ത സി പി എമ്മിന്റെ അനിവാര്യ ദുരന്തമാണ് ബംഗാളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കടപുഴകി വീഴുന്ന ഈ വന്‍മരം ചിതയിലെരിയാന്‍ ഇനി ഏറെ നാളൊന്നും വേണ്ടി വരില്ലെന്നാണ് വംഗനാടിന്റെ രാഷ്ട്രീയ വിവേകം വ്യക്തമാക്കുന്നത്. അറുതിയില്ലാത്ത ഭരണമെന്ന സി പി എമ്മിന്റെ അഹങ്കാരത്തിനുള്ള മരണമണിയാണ് ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍.
No comments:
Post a Comment