മാര്‍ക്സിസ്റ്റുകള്‍ കണ്ണൂരിനെ തങ്ങളുടെ സ്വന്തം ജില്ലയായിട്ടാണ് കരുതുന്നത്. ഇത് കണ്ണൂരിന്റെ ശാപം. കണ്ണൂര്‍ കമ്യൂണിസ്റ്റു വിഭാഗീയതയുടെ ശാപത്തില്‍ കുരുങ്ങിപ്പോയ ബംഗാളിലെ മിഡ്നാപ്പൂരിനെപ്പോലുള്ള ഒരു ഇന്ത്യന്‍ ജില്ല.
കണ്ണൂരിലെ കമ്യൂണിസം അരാജകത്വവും പിടിച്ചടക്കലുമാണ്. കണ്ണൂര്‍ കമ്യൂണിസം അതിന്റെ മനസ്സില്‍ ഭീകരഭാവങ്ങള്‍ ഒളപ്പിച്ചിരിക്കുന്നു. പാര്‍ട്ടി വളര്‍ത്താനുള്ള ഈ ഭീകര ഭാവങ്ങള്‍ മാര്‍ക്സിസത്തിനു പരിചയമുള്ളതല്ല. ഈ ഭീകരതയ്ക്കു മുമ്പില്‍ സത്യവും സമത്വവും സ്വാതന്ത്ര്യവും കണ്ണൂരിനു നഷ്ടപ്പെട്ടിരിക്കുന്നു. സമാധാനപരമായി ഒരു തിരഞ്ഞെടുപ്പു നടത്താന്‍ പോലും കഴിയുന്നില്ല. ഈ നവംബര്‍ ഏഴിനു ഉപതിരഞ്ഞെടുപ്പ് നടന്നത് കേന്ദ്രസേനയുടെ കാവലിലായിരുന്നു. കള്ള വോട്ടു ചെയ്യാതിരിക്കാനാണ് കേന്ദ്രസേന വന്നത്. എന്നാലും കണ്ണൂരിലെ മാര്‍ക്സിസ്റ്റുകാര്‍ കള്ളവോട്ടു ചെയ്യും. കാരണം കള്ളവോട്ടിലുള്ള വിശ്വാസം കണ്ണൂര്‍ കമ്യൂണിസത്തിന്റെ തലവിധിയായിപ്പോയി. കണ്ണൂരിനു കള്ളവോട്ട് ഒരു പുതുമയൊന്നുമല്ലെന്നാണ് എം.വി.രാഘവനിപ്പോള്‍ പറയുന്നത്. ഇങ്ങനെയൊക്കെയാണ് കണ്ണൂര്‍ ഇന്ത്യയിലെ ഒരു മാര്‍ക്സിസ്റ്റു ജില്ലയാവുന്നത്.
കണ്ണൂര്‍ എന്ന മാര്‍ക്സിസ്റ്റു രാഷ്ട്രീയ ജില്ല പല അര്‍ത്ഥങ്ങളിലും എ.കെ.ജിയുടെ സ്മാരകമാണല്ലോ. എ.കെ.ജി ദേശീയ സ്വാതന്ത്ര്യസമരമുഖത്തു നിന്നും കേളപ്പജിയില്‍ നിന്നുമൊക്കെ കമ്യൂണിസ്റ്റു പാര്‍ട്ടിയിലെത്തിപ്പെട്ടത് മാര്‍ക്സിസം പഠിച്ചിട്ടൊന്നുമല്ല.
മാര്‍ക്സിസത്തിന്റെ പ്രത്യയശാസ്ത്ര പ്രശ്നങ്ങള്‍ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനം വരെയും എ.കെ.ജിക്കറിഞ്ഞുകൂടായിരുന്നു. അത്തരം പ്രശ്നങ്ങളൊക്കെ എ.കെ.ജി 'ബുദ്ധിജീവിയായ' ഇ.എം.എസ്സിനെ ഏല്‍പ്പിക്കുകയാണുണ്ടായത്. ഇ.എം.എസ് മാര്‍ക്സിസ്റ്റു കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എന്തൊക്കെ കാര്യങ്ങളാണ് ബുദ്ധിപരമായി കൈകാര്യം ചെയ്തതെന്നും എ.കെ.ജിക്ക് അവസാനം വരെ അറിഞ്ഞുകൂടായിരുന്നു.എ.കെ.ജി ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളെയും വികാരപരമായി സമീപിച്ചു. ഗാന്ധിജിയെയും കേളപ്പജിയെയും ഗുരുവായൂര്‍ സത്യാഗ്രഹത്തെയുമൊക്കെ ഉദ്ധരിച്ചും വൈകാരികമായി കമ്യൂണിസവും വിപ്ലവവും നാവിലൂടെടുത്താടിയും എ.കെ.ജി ജനങ്ങളുടെ ഇടയില്‍ ഒരു നടനായി മാറുകയായിരുന്നു. തമിഴ് സിനിമയില്‍ എം.ജി.ആര്‍.ആടിയ വേഷങ്ങളാണ് കണ്ണൂരിലെ പാവപ്പെട്ട ജനങ്ങള്‍ക്കിടയില്‍ എ.കെ.ജി രാഷ്ട്രീയമായാടിയത്. ഇരുവരും ഉപയോഗിച്ച രാഷ്ട്രീയത്തിന്റെ വികാരഭാഷയെ ഇവിടെ ചെറുതായി കാണുകയൊന്നുമല്ല. എ.കെ.ജിയുടെ രാഷ്ട്രീയത്തിന്റെ ഈ വൈകാരിക ഭാഷയാണ് കണ്ണൂര്‍ കമ്യൂണിസത്തിനു വിത്തിട്ടത്. എ.കെ.ജി ജനങ്ങളുടെ ഒരു നേതാവായിരുന്നു.
അദ്ദേഹം എത്രവലിയ കമ്യൂണിസ്റ്റായിരുന്നുവെന്നതിന്റെ കണക്കെടുപ്പാവശ്യമില്ല. ജവഹര്‍ലാല്‍ നെഹ്‌റുവിന് നല്ല പരിചയമുള്ള, ബന്ധവും സ്നേഹവുമുള്ള ഇന്ത്യയിലെ ഒരു കമ്യൂണിസ്റ്റു നേതാവായിരുന്നു എ.കെ.ജി. ജവഹര്‍ലാലും എ.കെ.ജിയും പരസ്പരം ആദരിച്ചു പോന്നു ഇന്ത്യന്‍ പാര്‍ലമെന്റിനകത്ത്. ജവഹര്‍ലാല്‍ ലോക്സഭയില്‍ ആദരവോടെ ശ്രദ്ധിച്ച ആദ്യത്തെ ഇന്ത്യന്‍ കമ്യൂണിസ്റ്റു നേതാവായിരുന്നു എ.കെ.ജി. ഇന്ത്യയിലൊരിടത്തു നിന്നു എ.കെ.ജി കൊണ്ടുവരുന്ന ഇന്ത്യന്‍ ഹൃദയത്തിന്റെ സ്പന്ദനങ്ങളായിരുന്നിരിക്കണം ജവഹര്‍ലാലിനു കേള്‍ക്കേണ്ടിയിരുന്നത്. എ.കെ.ജിയുടെ ഒരു ആരാധകനെപ്പോലെയാണ് മഹാനായ ജവഹര്‍ലാല്‍ ലോക്സഭയിലും പുറത്തും എ.കെ.ജിയോടു പെരുമാറിയത്. കല്‍ക്കത്താ തീസിസിന്റെ ഇന്ത്യന്‍ കമ്യൂണിസ്റ്റു രാഷ്ട്രീയത്തെക്കുറിച്ച് ജവഹര്‍ലാല്‍ ഒരിക്കലെങ്കിലും എ.കെ.ജിയോടോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോടോ ചോദിച്ചിട്ടില്ല. വരൂ, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹത്തായ പരീക്ഷണശാലയിലേക്ക് ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരേ നിങ്ങള്‍ എന്നേ ജവഹര്‍ലാല്‍ പറഞ്ഞിട്ടുള്ളൂ. കമ്യൂണിസം എന്താണെന്നു പഠിച്ചത് എ.കെ.ജിയായിരുന്നില്ല, ജവഹര്‍ലാലായിരുന്നു. എ.കെ.ജി കമ്യൂണിസം ആശിച്ചു.
ഈ ആശ ഒരു വികാര ജീവിയുടേതായിരുന്നു. കമ്യൂണിസത്തിനു ലോകത്തു സംഭവിച്ച ദുരന്തമെന്താണെന്നു കാണാന്‍ ജവഹര്‍ലാലും എ.കെ.ജിയുമുണ്ടായില്ല. ലോകത്തു കമ്യൂണിസത്തിനു സംഭവിച്ചതു തന്നെ കണ്ണൂര്‍ ജില്ലയിലെയും, കേരളത്തിലെയും, ഇന്ത്യയിലെയും കമ്യൂണിസത്തിനും സംഭവിക്കും. ഒരു ബ്രാക്കറ്റില്‍ കിടന്നു കളിക്കുന്ന മനുഷ്യത്വം മറന്ന മാര്‍ക്സിസത്തിന്റെ തിരോധാനം കാത്തിരിക്കുക കണ്ണൂരും കേരളമാകെയും. കണ്ണൂര്‍ എന്ന ജില്ലയിലെ മാര്‍ക്സിസം മനുഷ്യത്വത്തെ വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്. എ.കെ.ജിയുടെ മങ്ങിയ ഒരു മാതൃകപോലും ഇന്ന് കണ്ണൂരിലെ മാര്‍ക്സിസ്റ്റു രാഷ്ട്രീയത്തിലില്ല. എ.കെ.ജി എടുത്തു പ്രയോഗിച്ച വികാരത്തിന്റെ സ്ഥാനത്ത് ഗുണ്ടായിസവും കൊലപാതക രാഷ്ട്രീയവും കയറിക്കൂടിയിരിക്കുന്നു. ചത്തും കൊന്നും കള്ളവോട്ടു ചെയ്തും പിടിച്ചടക്കുക എന്നതായിരിക്കുന്നു മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ കണ്ണൂരിലെ നീതിസാരം. ഈ നീതിസാരം നെഞ്ചിലേറ്റിയ പുതിയ മാര്‍ക്സിസ്റ്റു സങ്കല്‍പ്പത്തിന്റെ നേതാക്കളാണല്ലോ പിണറായിയും കോടിയേരിയും ജയരാജന്മാരും പി.ശശിയുമൊക്കെ. ഈ നേതാക്കളുടെ മനസ്സിലെ ഭീകര രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ് കണ്ണൂരിലെ മാര്‍ക്സിസ്റ്റു പാര്‍ട്ടി.
ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന വിപത്തായ മാവോയിസ്റ്റുകളോട് അടുത്തുകൊണ്ടിരിക്കുകയാണ് മാര്‍ക്സിസ്റ്റുകള്‍. സെക്ടേറിയനിസം അതിന്റെ നരകഭാവങ്ങള്‍ കൊണ്ട് കണ്ണൂരിനെ കീഴടക്കുന്നു. പാര്‍ട്ടി ഗ്രാമങ്ങള്‍ എന്ന പ്രാകൃതമായ ആശയംകൊണ്ട് പൊതുമനുഷ്യ സമൂഹത്തെ കീഴടക്കുന്ന ജനാധിപത്യ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്യുന്നത് മനുഷ്യന്റെ മൗലികാവകാശത്തെത്തന്നെയാണ്. ഈ മനുഷ്യാവകാശ ബോധത്തിന്റെ പക്ഷത്തുനിന്നു ഉയര്‍ന്നുവന്നു പൊരുതുന്ന കോണ്‍ഗ്രസ് നേതാവാണ് കെ.സുധാകരന്‍. കണ്ണൂരിലെ ജയരാജന്മാരും ശശിമാരും പ്രതിനിധീകരിക്കുന്ന അടിപിടി, ആധിപത്യ, ആസക്തി, സ്വത്തുസമ്പാദന രാഷ്ട്രീയത്തിന്റെ തേരോട്ടത്തെ ഈ ഉപതിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി അല്‍പ്പമെങ്കിലും തടഞ്ഞുനിര്‍ത്താന്‍ കെ.സുധാകരന്റെ നേതൃത്വത്തിനു കഴിഞ്ഞു. കണ്ണൂരിലെ മാര്‍ക്സിസ്റ്റു നേതാക്കളെ തിരുത്താന്‍ വാസ്തവത്തില്‍ പോളിറ്റ് ബ്യൂറോ കെ.സുധാകരനെയാണ് ഏല്‍പ്പിക്കേണ്ടത്. കെ.സുധാകരനെ തേജോവധം ചെയ്തു നശിപ്പിക്കാന്‍ പാര്‍ട്ടി മുഖപത്രവും എല്‍.സി നേതാക്കള്‍ മുതല്‍ സംസ്ഥാന നേതാക്കള്‍ വരെ രംഗത്തിറങ്ങിയിട്ടുണ്ട്.
സുധാകരന്റെയും അബ്ദുള്ളക്കുട്ടിയുടെയും ജീവനു നേരെയുള്ള ഭീഷണി ലോക്സഭാ തിരഞ്ഞെടുപ്പു മുതല്‍ തുടങ്ങിയതാണ്. അബ്ദുള്ളക്കുട്ടി കണ്ണൂരിലെ മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ മുമ്പിലെ വലിയൊരു ചോദ്യചിഹ്നമാണ്. കാരണം അദ്ദേഹത്തിന്റേത് സ്വാതന്ത്ര്യത്തിന്റെ പാതയാണ്. ആ പാതയില്‍ ചോരവീഴ്ത്തണമെന്നാണ് മാര്‍ക്സിസ്റ്റു പാര്‍ട്ടി ആഗ്രഹിക്കുന്നത്. തട്ടും, വെട്ടും, കൊല്ലും, കയ്യൊടിക്കും, കാലൊടിക്കും എന്നിങ്ങനെയുള്ള ജയരാജന്മാരുടെ പ്രവര്‍ത്തനശൈലിക്ക് കണ്ണൂരിന്റെ മാര്‍ക്സിസ്‌ററു മണ്ണില്‍ ഇന്ന് ആഴത്തില്‍ വേരുകളുണ്ട്. നേരായ എല്ലാ മാര്‍ഗങ്ങളും കൈവിട്ട ഒരു പാര്‍ട്ടിയാണ് കണ്ണൂരിലേത്. തങ്ങളുടെ കൊടിക്കീഴില്‍ അണിനിരക്കാത്തവരെ പാര്‍ട്ടിക്കാരുടെ മസില്‍ പവറും ഭരണയന്ത്രങ്ങളുമുപയോഗിച്ചു തകര്‍ക്കുക. അട്ടിമറി രാഷ്ട്രീയത്തിനു കണ്ണൂരിലെ മാര്‍ക്സിസ്റ്റു പാര്‍ട്ടി കൂട്ടുപിടിക്കുന്നത് പ്രാദേശിക അധമന്മാരെയും നീചന്മാരെയുമാണ്. പ്രാദേശിക തെമ്മാടിത്തത്തെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്തു കൂടെ നിര്‍ത്തുക. ഇവരില്‍ സ്പിരിറ്റ് കള്ളക്കടത്തുകാരുടെ ഗുണ്ടകളും പണം പലിശയ്ക്കു കൊടുക്കുന്നവരുടെ ഗുണ്ടകളും കള്ളുഷാപ്പുകാരുടെ ഗുണ്ടകളുമൊക്കെ പെടുന്നു. പാര്‍ട്ടിക്ക് ക്വട്ടേഷന്‍ സംഘം നേരത്തേ ഉള്ളതാണ്. ഏറ്റവും ഒടുവിലായി പാര്‍ട്ടിയുടെ പോഷകസംഘത്തെപ്പോലെ പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥന്മാരും പോലീസുകാരും മുന്നോട്ടുവരുന്നു. ഐ.പി.എസ്സുകാരെ നേരത്തേ തന്നെ ശേഖരിച്ചു വച്ചിട്ടുണ്ട്.
പൊലീസിന്റെ തലവന്‍ തന്നെ സഹയാത്രികനാണല്ലോ. ഇനി കുറേ ഐ.എ.എസ്സുകാരെ കൂടെക്കൊണ്ടു നടക്കാന്‍ വേണം. ഐ.എ.എസ്സുകാരെ പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ബാലകൃഷ്ണനെ ആലപ്പുഴയില്‍ നിന്നു കണ്ണൂരിലേക്കു മാറ്റിയത്. കലക്ടര്‍ ബാലകൃഷ്ണന്‍ കണ്ണൂരിലെ ഒരു ടിപ്പിക്കല്‍ സഖാവ് ബാലകൃഷ്ണനായിത്തന്നെ പാര്‍ട്ടിക്ക് സേവനമര്‍പ്പിച്ചു. ഇങ്ങനെയുള്ള ഒരുപാടുദ്യോഗസ്ഥന്മാരെ മാര്‍ക്സിസ്റ്റു പാര്‍ട്ടി വിലയ്ക്കു വാങ്ങിയിട്ടുണ്ട്. ഇവര്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിക്ക് തങ്ങളെ വില്‍ക്കുന്നത് ഭരണം കൈയിലെടുക്കാനാണ്; അധികാര കേന്ദ്രങ്ങളാവാനും സര്‍ക്കാരില്‍ സ്വാധീനമുണ്ടാക്കാനുമാണ്; പാര്‍ട്ടിയുടെ കൊടിക്കീഴില്‍ നിന്ന് സ്വന്തം നയങ്ങള്‍ നടപ്പാക്കാനാണ്. ഇങ്ങനെയെല്ലാം സാധിക്കണമെങ്കില്‍ പി.ശശിമാരുടെയും ജയരാജന്മാരുടെയും പരിപാടികള്‍ നടപ്പാക്കിക്കൊടുക്കണം; സുരേഷ്കുമാര്‍ അച്യുതാനന്ദന്റെ പരിപാടികള്‍ നടപ്പാക്കിക്കൊടുത്തതുപോലെ. കലക്ടര്‍ ബാലകൃഷ്ണന്മാരുടെയും ചില തഹസില്‍ദാര്‍മാരുടെയും വിധി സുരേഷ്കുമാറിന്റേതു തന്നെയായിരിക്കും.
കണ്ണൂര്‍ ഇന്ന് കേരളമാനവികതയോടും കേരളമനസ്സിനോടും കമ്യൂണിസത്തോടും ആവശ്യപ്പെടുന്നത് ഇപ്പോള്‍ നടപ്പുള്ള മാര്‍ക്സിസ്റ്റ് സെക്ടേറിയനിസത്തിന്റെ മനുഷ്യത്വരാഹിത്യത്തില്‍ നിന്ന് ഈ പാവം നാടിനെ രക്ഷിക്കേണമേയെന്നാണ്. അതിനുവേണ്ടി ഒരു മനുഷ്യാവകാശ സംരക്ഷണ പ്രസ്ഥാനം കണ്ണൂരിനു വേണ്ടി ഉണ്ടാകേണമേയെന്നാണ്. ആദ്യം മനുഷ്യനായി ജീവിക്കാനുള്ള അവകാശം നല്‍കുക എന്നതാണ് കണ്ണൂരിന്റെ നിലവിളി. കമ്യൂണിസവും ഗാന്ധിസവും മാവോയിസവും ഫാസിസവും ടീറ്റോയിസവുമൊക്കെ പിന്നീടുള്ള വിഷയം. മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ മനുഷ്യവിരുദ്ധമായ സങ്കല്‍പ്പത്തില്‍ നിന്നുള്ള മോചനത്തിനുവേണ്ടി കണ്ണൂര്‍ ദാഹിക്കുകയും നിലവിളിക്കുകയും ചെയ്യുന്നു. കണ്ണൂരിന്റെ ജീവിതത്തില്‍ ഏതുതരം രാഷ്ട്രീയ മനുഷ്യനെയാണ് മാര്‍ക്സിസ്റ്റു പാര്‍ട്ടി വിഭാവനം ചെയ്യുന്നത്? വര്‍ഗസമരത്തിലെ മാര്‍ക്സിസ്റ്റു പാര്‍ട്ടി സ്വന്തം വര്‍ഗമേതാണ്? തൊഴിലാളിവര്‍ഗത്തെ നോക്കുകൂലിക്കാരാക്കി മാറ്റിയ നിലയ്ക്ക്, ഇനി ഏതാണ് വിപ്ലവ വര്‍ഗം? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും പിണറായിയുടെ ജയരാജ വര്‍ഗത്തിന് ഉത്തരം പറയാന്‍ കഴിയുമെന്നു തോന്നുന്നില്ല.
കമ്യൂണിസ്റ്റാശയങ്ങളുപയോഗിച്ച് ഫ്യൂഡലിസത്തിന്റെ പുതിയ തുരുത്തുകളുണ്ടാക്കാന്‍ ശ്രമിക്കുന്ന കണ്ണൂരിലെ മാര്‍ക്സിസ്റ്റു നേതാക്കള്‍ വാസ്തവത്തില്‍ ഏതു നൂറ്റാണ്ടിലാണാവോ ജീവിക്കുന്നത്!
കണ്ണൂരിലെ മാര്‍ക്സിസ്റ്റു കമ്യൂണിസ്റ്റു പാര്‍ട്ടിക്ക് ശക്തി പകരുന്നതും പ്രചോദനം നല്‍കുന്നതും ഏതു ജനവിഭാഗങ്ങളാണ്, അല്ലെങ്കില്‍ ഏതേതെല്ലാം വര്‍ഗങ്ങളാണ്? ബീഡിത്തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും നെയ്ത്തു തൊഴിലാളികളും കൂലിപ്പണിക്കാരും താഴ്‌ന്ന ജാതിക്കാരുമടങ്ങുന്ന പഴയ ഏഴകള്‍ ഇപ്പോള്‍ സി.പി.ഐ (എം) എന്ന കമ്യൂണിസ്റ്റു പാര്‍ട്ടിയോടൊപ്പമുണ്ടോ? ഈ വര്‍ഗം മാഞ്ഞുപോയതോ, പാര്‍ട്ടിയെ ഉപേക്ഷിച്ചതോ? എന്തായാലും ഒരുകാര്യം തീര്‍ച്ചയാണ്. കണ്ണൂരിന്റെയോ കേരളത്തിന്റെയോ മനുഷ്യസമൂഹത്തില്‍ ഏഴകള്‍ ഇല്ലാതായിട്ടില്ല. എന്നാല്‍ ഈ ഏഴകള്‍ ഏഴകളും അവരുടെ മൗലികമായ പ്രശ്നങ്ങളുമായി മാര്‍ക്സിസ്റ്റു കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ കൂടെ ഇന്ന് ഇല്ല.
(ഇ.വി.ശ്രീധരന്‍ )
ഈ ബ്ലോഗ് http://vasthuthakal.blogspot.com എന്ന യു .ആര്‍ .എല്‍ . അഡ്രസ്സിലേക്ക് മാറ്റിയിരിക്കുന്നു. ഈ ബ്ലോഗിലെ ടീം അംഗങ്ങള്‍ക്ക് പുതിയ അഡ്രസ്സില്‍ ഇന്‍വിറ്റേഷന്‍ അയച്ചിട്ടുണ്ട്. ബന്ധപ്പെടേണ്ട വിലാസം: vasthuthakal@gmail.com
Friday, November 20, 2009
Subscribe to:
Post Comments (Atom)
About Me
Labels
- അയോധ്യ (1)
- ഉപതെരഞ്ഞെടുപ്പ് (1)
- കണ്ണൂര്‍ (2)
- കമ്മ്യൂണിസം (1)
- ചൈന (2)
- പുസ്തകപ്രകാശനം-കാനം ദേശത്തിന്റെ കഥ (1)
- ബംഗാള്‍ (1)
- മാര്‍കിസ്റ്റ് പാര്‍ട്ടി (1)
- മാര്‍ക്സിസ്റ്റ് അക്രമം (2)
- രാഷ്ട്രീയം (1)
- വിമോചനസമരം (1)
- സി.പി.എം. (1)
No comments:
Post a Comment