ഈ ബ്ലോഗ് http://vasthuthakal.blogspot.com എന്ന യു .ആര്‍ .എല്‍ . അഡ്രസ്സിലേക്ക് മാറ്റിയിരിക്കുന്നു. ഈ ബ്ലോഗിലെ ടീം അംഗങ്ങള്‍ക്ക് പുതിയ അഡ്രസ്സില്‍ ഇന്‍‌വിറ്റേഷന്‍ അയച്ചിട്ടുണ്ട്. ബന്ധപ്പെടേണ്ട വിലാസം: vasthuthakal@gmail.com

Tuesday, November 24, 2009

സി.പി.എം. എന്ന ദേശീയ തമാശ

സി.പി.എം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ ഒരു ദേശീയ തമാശ എന്ന്‌ വിശേഷിപ്പിച്ചത്‌ ആരെന്നറിയില്ല. ആവശ്യത്തിലേറെ ഗൗരവം ഭാവിച്ച്‌ നിസ്സാരകാര്യങ്ങള്‍ മഹാസംഭവംപോലെ അവതരിപ്പിക്കുന്ന ചില സി.പി.എം നേതാക്കളെ കാണുമ്പോള്‍ ആരുപറഞ്ഞതായാലും ആ നിരീക്ഷണത്തിന്‌ കൂടുതല്‍ അര്‍ത്ഥപ്പൊലിമ വരുന്നതുകാണാം.

അന്താരാഷ്ട്ര പ്രശ്നങ്ങളെക്കുറിച്ചാണ്‌ സി.പി.എം മുമ്പൊക്കെ സദാ വ്യാകുലപ്പെട്ടിരുന്നത്‌. മനുഷ്യവംശത്തിന്റെ പ്രശ്നങ്ങള്‍ ഏതുലോകത്തും ഒരുപോലെയാണെന്ന സാമാന്യവല്‍ക്കരണത്തിലൂടെ, കണ്‍മുന്നിലെ യാഥാര്‍ത്ഥ്യത്തെ മറന്ന്‌ നിക്കരാഗുവയിലെ പാരിസ്ഥിതിക പ്രശ്നം ചര്‍ച്ച ചെയ്യുന്ന സ്വഭാവം സി.പി.എമ്മിനെ വിമര്‍ശിക്കുന്നവര്‍ എപ്പോഴും പരിഹാസത്തോടെ എടുത്തുപറയാറുണ്ട്‌. ഈയിടെ ആ സ്വഭാവത്തില്‍ ചെറിയ മാറ്റം കാണിച്ചുതുടങ്ങിയിട്ടുണ്ടെങ്കിലും ഉത്തരം മുട്ടുന്ന ചോദ്യങ്ങള്‍ ഉയരുമ്പോള്‍ അങ്ങ്‌ പോളണ്ടിലെന്താണ്‌ സംഭവിക്കുന്നത്‌ എന്നുചോദിച്ച്‌, സോളിഡാരിറ്റി പ്രസ്ഥാനത്തിന്റെ നേതാവായ ലെ വലേസയുടെ പേരുപറഞ്ഞ്‌ ശ്രോതാക്കളെയും ചോദ്യകര്‍ത്താവിനെയും വിരട്ടാമെന്ന്‌ ആരോ സി.പി.എമ്മുകാരെ പഠിപ്പിച്ചുവിട്ടിരിക്കുന്നു.

വിവരസാങ്കേതിക വിദ്യ പ്രചുരപ്രചാരത്തിലായതോടെ ഇത്തരം തറവേലകളൊന്നും ഇന്നത്തെ ചെറുപ്പക്കാരുടെ മുന്നില്‍ ചെലവാകുന്നില്ല. മാര്‍ക്സിസ്റ്റ്‌ നേതാക്കളെക്കാള്‍ ബുദ്ധിശാലികളാണ്‌ ഇന്നത്തെ സമൂഹത്തിലെ ചെറുപ്പക്കാര്‍. അവരെ ആകര്‍ഷിക്കാനും നയിക്കാനും സി.പി.എം നേതാക്കളുടെ പ്രാകൃത വിജ്ഞാനം പ്രയോജനപ്പെടുന്നില്ല. ലോകഗതിക്കും ജനങ്ങളുടെ അഭിരുചിക്കും ആവശ്യങ്ങള്‍ക്കും ഇണങ്ങാത്ത തത്വശാസ്ത്രത്തിന്റെ അര്‍ത്ഥശൂന്യമായ പദാവലികള്‍കൊണ്ട്‌ ആരെയും ആകര്‍ഷിക്കാനാവില്ല.

ഈ കാലവിഭ്രാന്തിയാണ്‌ സി.പി.എം നേതൃത്വം നേരിടുന്ന ഭീകരമായ പ്രശ്നം. അതിനിടയിലൂടെ അധികാരത്തിന്റെ സൗകര്യങ്ങള്‍ ഉപയോഗിച്ച്‌ സമ്പന്നത കൈവരിക്കാന്‍ കൗശലപൂര്‍വ്വം അടുത്തുകൂടിയ കപട വിപ്ലവകാരികള്‍ സി.പി.എമ്മിനെ ഒരു കുത്തകവ്യവസായ സ്ഥാപനം പോലെ കൊണ്ടുനടക്കാന്‍ ശ്രമിക്കുന്നു. ഈ വൈരുദ്ധ്യത്തിന്റെ വെപ്രാളമാണ്‌ സി.പി.എമ്മിനുള്ളിലും പുറത്തും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന താളപ്പിഴകള്‍. ഇതൊന്നും അറിയാതെ ഒട്ടേറെ പാവങ്ങള്‍ ഈ പാര്‍ട്ടി തങ്ങളുടെ ജീവിത പ്രയാസങ്ങള്‍ക്ക്‌ പരിഹാരമുണ്ടാക്കിത്തരുമെന്ന്‌ തെറ്റിദ്ധരിച്ച്‌ അന്ധമായി പിന്നാലെ കൂടിയിട്ടുണ്ട്‌. അവരുടെ ജീവിതം ഹാ, കഷ്ടം!

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ഏതാനും മാസങ്ങള്‍ക്കുശേഷം ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ജനങ്ങള്‍ സി.പി.എം നിരത്തിയ വാദഗതികളും അഭിപ്രായങ്ങളും പാടെ തള്ളിക്കളഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ മൂന്നാം ബദല്‍ ദേശീയ ഭരണത്തില്‍ വരുമെന്നാണ്‌ സി.പി.എം നേതാക്കള്‍ ജനങ്ങളോട്‌ പറഞ്ഞത്‌. കോണ്‍ഗ്രസിനും മത വര്‍ഗീയ ചേരിയായ ബി.ജെ.പിക്കും ബദലായി പ്രാദേശികതലത്തില്‍ മാത്രം വേരുകളുള്ള ചില അവസരവാദ ഗ്രൂപ്പുകളെയും പാര്‍ട്ടികളെയും ഏകോപിപ്പിക്കാന്‍ സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ നടത്തിയ നെട്ടോട്ടം രസാവഹമായിരുന്നു. യു.പിയില്‍ ചെന്ന്‌ അദ്ദേഹം അവിടുത്തെ മുഖ്യമന്ത്രി മായാവതിയെ പ്രണമിച്ചു. തമിഴ്‌നാട്ടില്‍ വന്ന്‌ ജയലളിതയുടെ സൗമനസ്യം അഭ്യര്‍ത്ഥിച്ചു. ആന്ധ്രയില്‍പോയി ചന്ദ്രബാബു നായിഡുവിന്റെ കരം ഗ്രഹിച്ചു. കര്‍ണാടകത്തിലെത്തി വിശ്രമജീവിതം നയിക്കുന്ന മുന്‍ പ്രധാനമന്ത്രി എച്ച്‌.ഡി ദേവഗൗഡയെ പൊക്കിയെടുത്ത്‌ സ്റ്റേജില്‍ നിര്‍ത്തി കൈ ഉയര്‍ത്തിപ്പിടിച്ചു. ഇവരെല്ലാം കൂടിച്ചേര്‍ന്നാല്‍ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ കേന്ദ്രം ഭരിച്ചുകളയുമെന്നാണ്‌ പ്രകാശ്‌ കാരാട്ട്‌ സ്വപ്നം കണ്ടത്‌. അദ്ദേഹത്തിന്‌ എന്തും സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യമുണ്ട്‌.

എന്നാല്‍ ഇന്ത്യയിലെ 118 കോടി ജനങ്ങള്‍ ആ സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന്‌ അംഗീകരിച്ചുകൊടുക്കണമെന്ന വാശി ഒരു മാര്‍ക്സിസ്റ്റ്‌ നേതാവിന്റെ വ്യാമോഹമാണ്‌. അത്‌ വെറും വ്യാമോഹമായിരിക്കുമെന്ന്‌ അറിയാന്‍ തെരഞ്ഞെടുപ്പുഫലം വരുന്നതുവരെ കാത്തിരിക്കേണ്ട ആവശ്യമൊന്നും ഇല്ലായിരുന്നു. കാരണം പ്രകാശ്‌ കാരാട്ട്‌ കണ്ടിട്ട്‌ തിരിച്ചുപോന്നതിന്‌ പിന്നാലെ മായാവതിയും ജയലളിതയുമൊക്കെ അവരവരുടെ പാടുനോക്കി പുതിയ ഭാഗ്യവഴികള്‍ തെരയുന്നത്‌ ജനങ്ങള്‍ കണ്ടു. അതിനാല്‍ മൂന്നാം ബദല്‍ പണ്ട്‌ പരീക്ഷിച്ച്‌ പരാജയപ്പെട്ടതാണെന്നും അതിന്‌ ഇന്ത്യയിലിനി പ്രസക്തിയില്ലെന്നും വിവേകശാലികള്‍ക്ക്‌ അറിയാമായിരുന്നു. അവര്‍ അത്‌ പറഞ്ഞു. ആവര്‍ത്തിച്ച്‌ എഴുതി, വീണ്ടും വീണ്ടും പ്രസംഗിച്ചു. ആരുകേള്‍ക്കാന്‍? ജനങ്ങളുടെ വിധി തീരുമാനം പുറത്തുവന്നപ്പോള്‍ സി.പി.എം ഒരു ദേശീയ തമാശയായി വീണ്ടും അവശേഷിച്ചു. മൂന്നാംബദലിനെക്കുറിച്ച്‌ കേട്ടുകേള്‍വി ഇല്ലാതായി.

തെരഞ്ഞെടുപ്പ്‌ പരാജയത്തിന്റെ കാരണം പാര്‍ട്ടി പതിവുപോലെ പഠിച്ചു. ബംഗാളിലും കേരളത്തിലും പാര്‍ട്ടിനേതാക്കള്‍ തത്വങ്ങള്‍ വെടിഞ്ഞ്‌ ജീവിതരീതിയില്‍ മാറ്റംവരുത്തിക്കൊണ്ടിരിക്കുന്നതിനാല്‍ അടിസ്ഥാന വര്‍ഗവും അനുയായികളും അകന്നുപോകുന്നു. നേതൃത്വത്തിന്റെ ഈ തെറ്റ്‌ തിരുത്താന്‍ ഒരു രേഖ തയ്യാറാക്കി സി.പി.എം. തിരുത്തല്‍രേഖ പ്രകാരം അധികാരസ്ഥാനങ്ങളില്‍ ദീര്‍ഘകാലം ഒരു നേതാവുതന്നെ തുടരുന്നതിന്‌ വിലക്ക്‌ ഏര്‍പ്പെടുത്തുമെന്നും ആര്‍ഭാടജീവിതം ഒഴിവാക്കുമെന്നും മറ്റും നിര്‍ദ്ദേശിച്ചു.

ജനങ്ങളോട്‌ കൃത്രിമത്വവും ജാഡയും അഹന്തയും ഇല്ലാതെ സ്വാഭാവിക മനുഷ്യരെപ്പോലെ പെരുമാറാന്‍ കഴിയണമെന്ന്‌ പോളിറ്റ്‌ ബ്യൂറോ തിരുത്തല്‍രേഖയില്‍ നിര്‍ദ്ദേശിച്ചു. ഈ രേഖ ചര്‍ച്ചചെയ്യാന്‍ സി.പി.എമ്മിന്റെ സംസ്ഥാന സമിതി കഴിഞ്ഞദിവസം തിരുവനന്തപുരത്ത്‌ ചേര്‍ന്നിരുന്നു. തെരഞ്ഞെടുപ്പുകളില്‍ ആവര്‍ത്തിച്ച്‌ തോറ്റ്‌ ജനങ്ങളുടെ മുന്നില്‍ അപഹാസ്യമായിത്തീര്‍ന്ന ഒരു പ്രസ്ഥാനത്തിന്റെ കേന്ദ്രനേതൃത്വം പ്രാദേശിക നേതാക്കള്‍ നല്ലപിള്ളകളാകണമെന്നു പറഞ്ഞാല്‍ ഇന്നത്തെകാലത്ത്‌ ആരെങ്കിലും കേള്‍ക്കുമോ?

കേന്ദ്ര നേതൃത്വത്തിന്റെ തിരുത്തല്‍രേഖ അവതരിപ്പിച്ച പോളിറ്റ്‌ ബ്യൂറോ അംഗത്തെ മുന്നിലിരുത്തി നിര്‍ദ്ദേശങ്ങളെ മുഴുവന്‍ ഇടംവലം തൊഴിച്ചുവിട്ടു ഇവിടുത്തെ നേതാക്കള്‍. തലമണ്ടയ്ക്ക്‌ കേടുവന്നാല്‍ വേരും ചീയും. വേരുമാത്രം നന്നായാല്‍ തായ്തടിയും തലമണ്ടയും നന്നാവണമെന്നില്ല. അതിനാല്‍ സി.പി.എം എന്ന ദേശീയ തമാശ രാഷ്ട്രീയ നിരീക്ഷകര്‍ക്ക്‌ എന്നും ചിരിക്കാന്‍ വകനല്‍കിക്കൊണ്ടിരിക്കും.

(കടപ്പാട്: വീക്ഷണം)

No comments: